ഇരിട്ടി: ആറളം ഫാമിലെ ദുരിത ജീവിതത്തിനിടയിലും കുഞ്ഞിക്കണ്ണേട്ടന് ആശ്വാസം സ്കൂൾകാലത്ത് ഒപ്പം കൂടിയ ആ പ്രണയമാണ്. 66-ാം വയസിലും ഭാര്യയും മക്കളുമൊക്കെ അതിനായി കട്ടയ്ക്കു കൂടെയുമുണ്ട്. അവർക്കറിയാം, അത്രമേൽ തീവ്രമാണ് കുഞ്ഞിക്കണ്ണേട്ടന് വായനയോടുള്ള പ്രണയമെന്ന്.
ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും എല്ലാം വായിക്കുക... ദിവസം കുറഞ്ഞത് ഒരു ദിനപത്രമെങ്കിലും വായിക്കുക... കുട്ടിക്കാലത്ത് തുടങ്ങിയ പതിവ് കുഞ്ഞിക്കണ്ണേട്ടൻ മുടക്കാറില്ല. ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിലാണ് കുഞ്ഞിക്കണ്ണേട്ടന്റെ വീട്. വായനാദിനത്തിന്റെ വിശേഷങ്ങൾ തേടിച്ചെല്ലുന്പോൾ കെ.ആർ. മീരയുടെ "ഘാതകൻ' എന്ന നോവൽ വായിക്കുകയായിരുന്നു. പുസ്തകം മടക്കിവച്ച് അദ്ദേഹം വായന തുടങ്ങിയ കുട്ടിക്കാലത്തേക്കിറങ്ങി.
ചെമ്പേരി കുനിയംപുഴ സങ്കേതത്തിലാണ് ജനിച്ച് വളർന്നത്. അച്ഛനും അമ്മയും ജോലിക്ക് പോയില്ലെങ്കിൽ പട്ടിണിയാകുന്ന നിർധന കുടുംബം. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ പഠനം പൂർത്തിയാക്കി ശ്രീകണ്ഠപുരത്തെ ഐടിസിയിൽ ഓട്ടോ മൊബൈൽ കോഴ്സിന് ചേർന്നെങ്കിലും പൂർത്തിയാക്കാൻ ജീവിതസാഹചര്യങ്ങൾ അനുവദിച്ചില്ല. അപ്പോഴേക്കും വായനയുടെ തീപ്പൊരി മനസിൽ കനലായി എരിഞ്ഞ് തുടങ്ങിയിരുന്നു. ജീവിതത്തെ നേരിടാനുള്ള ധൈര്യവും വായന പകർന്നു.
എട്ടാം ക്ലാസിൽ സയൻസ് പഠിപ്പിച്ചിരുന്ന മാത്യു സാറാണ് കുഞ്ഞിക്കണ്ണേട്ടനെ വായനയുടെ ലോകത്തേക്ക് നയിച്ചത്. ആദ്യം വായിച്ച പുസ്തകത്തിന്റെ പേരും എഴുത്തുകാരനെക്കുറിച്ചൊന്നും ഓർമയില്ല. പ്രായത്തിന്റെ ക്ഷീണവും ജീവിത ചുറ്റുപാടുകളുമെല്ലാം ഓർമയെയും ശരീരത്തെയും ബാധിച്ചുതുടങ്ങി. അന്നൊക്കെ കിട്ടുന്ന എല്ലാ പുസ്തകങ്ങളും വായിച്ചിരുന്നു. പത്രവായന ഒരിക്കലും മുടക്കിയിട്ടില്ല. ഐടിസി പഠനം നിർത്തിയതോടെ ഒരു ഒളിച്ചോട്ടമായിരുന്നുവെന്ന് പറയാം. രണ്ടരവർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കറങ്ങി. പലപല തൊഴിലുകൾ ചെയ്തു. അക്കാലത്ത് വായന തീയതികൾ നോക്കാതെ പഴയ പത്രത്താളുകളിൽ ഒതുങ്ങി.
ചങ്ങമ്പുഴയുടെ രമണനും ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളും എല്ലാം പ്രിയപ്പെട്ടതാണെങ്കിലും ഏറെ ഇഷ്ടം സ്വന്തം ജന്മദേശമായ ചെമ്പേരിയും കുടിയേറ്റവുമെല്ലാം പറയുന്ന കാക്കനാടന്റെ "ഒറോത'യും പെരുമ്പടവം ശ്രീധരന്റെ "ഒരു സങ്കീർത്തനം പോലെ 'യുമാണ്. നേരിട്ടറിയുന്ന യുവ എഴുത്തുകാരനായ വിനോയി തോമസിന്റെ പുസ്തകങ്ങളും ഇഷ്ടമാണ്.
ഒപ്പം അദ്ദേഹത്തിന്റെ എഴുത്തിൽ വിമർശനങ്ങളും കുഞ്ഞിക്കണ്ണേട്ടന് അറിയിക്കാറുണ്ട്. വിനോയി തോമസ് ആറളം ഫാം സ്കൂളിൽ അധ്യാപകനായിരുന്ന കാലത്ത് പിടിഎ പ്രസിഡന്റായിരുന്നു കുഞ്ഞിക്കണ്ണേട്ടൻ. ആ അടുപ്പം ഇപ്പോഴും സൂക്ഷിക്കുന്നു.
ഭൂമി ലഭിച്ച് ആറളത്ത് എത്തിയപ്പോൾ വായന കുറഞ്ഞു. പണം കൊടുത്ത് പുസ്തകങ്ങൾ വാങ്ങാൻ നിവൃത്തിയില്ല. അടിസ്ഥാന സൗകര്യങ്ങൾക്കായി മുറവിളി കൂട്ടുന്ന ജനത്തിന് ലൈബ്രറിയും വായനയും ആവശ്യങ്ങളുടെ പട്ടികയിൽ പോലും ഉൾപ്പെടുത്താൻ കഴിയില്ലായിരുന്നു. എങ്കിലും പരമാവധി പുസ്തകങ്ങൾ തേടിപ്പിടിച്ച് വായനയുടെ ഭാഗമാക്കി.
തൃശൂർ സ്വദേശിനി ലതയാണ് ഭാര്യ. ഇരട്ടകൾ ഉൾപ്പെടെ മൂന്ന് പെൺമക്കളാണ് കുഞ്ഞിക്കണ്ണേട്ടന്. അച്ഛന്റെ സ്വപ്നങ്ങൾക്കും ഇഷ്ടപ്പെട്ട പുസ്തകങ്ങൾക്കുമൊപ്പമാണ് മൂന്ന് പെൺമക്കളും. അവർ നന്നായി പഠിച്ചു. മൂത്ത മകൾ രേഷ്മ എൻജിനിയറിംഗ് കഴിഞ്ഞ് പഴശി പദ്ധതിയിൽ ഓവർസിയറായി ജോലിയിൽ പ്രവേശിച്ചതോടെ അച്ഛന്റെ വായനയെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു. ഇരട്ടക്കുട്ടികളായ ഗ്രീഷ്മ ബിഎഡ് പൂർത്തിയാക്കി കുട്ടികൾക്ക് ട്യൂഷൻ ഉൾപ്പെടെയുള്ള ജോലികളുമായി ആറളം ഫാമിൽ അച്ഛനൊപ്പമുണ്ട്. ഇരട്ടകളിൽ രണ്ടാമത്തെ മകൾ രോഷ്നി പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡി ചെയ്യുന്നു.
വായനയിലൂടെ നേടിയ വിശാലമായ അറിവും കാഴ്ചപ്പാടുകളുമാണ് തനിക്ക് നേടാൻ കഴിയാതെ പോയ സ്വപ്നങ്ങൾ മക്കളിലൂടെ നേടിയെടുക്കാൻ പ്രാപ്തനാക്കിയതെന്ന് കുഞ്ഞിക്കണ്ണേട്ടൻ പറയുന്നു. മൂന്നുവർഷം മുന്പ് മുഖ്യമന്ത്രിക്കൊപ്പം നേർക്കുനേർ പരിപാടിയിൽ ആറളത്തിന്റെ ശബ്ദമായി കുഞ്ഞിക്കണ്ണേട്ടൻ പങ്കെടുത്തിരുന്നു.
പുതുതലമുറയുടെ വായനയിലും പൊതുവിജ്ഞാനത്തിലും അദ്ദേഹത്തിന്റെ ആശങ്ക ചെറുതല്ല. ഒരു പുസ്തകം നേരിട്ട് വായിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തി ഓൺലൈൻ സംവിധാനങ്ങൾക്ക് നൽകാൻ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.